ഇടുക്കി: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി തൊടുപുഴയിലായിരുന്നു സംഭവം.
നിയമ വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. വിവാഹാഭ്യർത്ഥന നിരസിച്ചതോടെ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഷാജഹാനുമായി നേരത്തെ സൗഹൃദത്തിലായിരുന്നു യുവതി. ഒരുവേളയിൽ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചതാണ്. എന്നാൽ ഷാജഹാന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറി. ഇതോടെയാണ് പ്രതി വീണ്ടും യുവതിയെ സമീപിച്ചത്. വിവാഹം കഴിക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. പെൺകുട്ടി വഴങ്ങില്ലെന്ന് മനസിലായതോടെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു ഷാജഹാൻ.
പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് കാണിച്ചും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലാൻ ശ്രമം നടന്നത്. തുടർന്ന് നാലാം വർഷ നിയമ വിദ്യാർത്ഥിയുടെ പരാതിയിന്മേൽ പ്രതി ഷാജഹാനെ തൃപ്പൂണിത്തുറയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
Comments