താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ താൻ പദ്ധതിയിടുന്നതായി അർജുൻ സർജ. താൻ ഇക്കാര്യത്തെ കുറിച്ച് മോഹൻലാലുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഉടനെ ഇല്ലെങ്കിലും കുറച്ച് നാളുകൾക്കുള്ളിൽ അത് സഫലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധ്രുവ സർജയുടെ പുതിയ ചിത്രമായ ‘മാർട്ടിൻ’ ടീസർ ലോഞ്ച് ചടങ്ങിലാണ് അർജുൻ സർജ ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻലാലിന്റെ ’മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ അർജുൻ സർജയും അഭിനയിച്ചിരുന്നു. സിനിമയിൽ അർജുന്റെ പ്രകടനത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന് ദേശീയ പുരസ്കാരം വരെ ലഭിച്ചതാണ്.
ധ്രുവ സർജ നായകനാവുന്ന ചിത്രം മാർട്ടിന്റെ കഥ അർജുൻ സർജയാണ് എഴുതിയത്. ആക്ഷൻ-പാക്ക്ഡ് കഥയായിരിക്കും ചിത്രമെന്നും റിലീസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ധ്രുവ സർജയ്ക്കൊപ്പം വൈഭവി ഷാൻഡില്യ, അൻവേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
Comments