മുംബൈ: രാജാരവിവർമയുടെ പ്രശസ്ത പെയിന്റിങ്ങായ യശോദയും കൃഷ്ണനും മുംബൈയിൽ ലേലത്തിന് വിറ്റത് 38 കോടി രൂപയ്ക്ക്. കഴിഞ്ഞ ദിവസം മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ ഓൺലൈനായിട്ടാണ് ലേലം നടന്നത്. രാജാരവിവർമയുടെ മൂന്നുചിത്രങ്ങളും ഒരു രേഖാചിത്രവുമാണ് ലേലത്തിന് വെച്ചത്.
യശോദയുടെ മടിയിൽ ഉണ്ണിക്കണ്ണൻ ഇരിക്കുന്ന ചിത്രത്തിന് വമ്പൻ തുകയാണ് ലഭിച്ചത്. 10മുതൽ 15കോടി രൂപയാണ് ചിത്രത്തിന് വിലയിട്ടത്. ശില്പങ്ങളും ചിത്രങ്ങളുമടക്കം 83 കലാരൂപങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. എന്നാൽ, 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള രവിവർമയുടെ എണ്ണചായ ചിത്രത്തിനാണ് ഏറ്റവുംകൂടുതൽ തുക ലഭിച്ചത്.
മൂന്ന് പെയിന്റിംഗുകളും ജർമൻകാരനായ ഫ്രിറ്റ്സ് ഷ്ളിച്ചർ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രേഖാചിത്രം രവിവർമകുടുംബത്തിൽ നിന്നും ലഭിച്ചതും. യശോദയും കൃഷ്ണനുമല്ലാതെ ‘ശിവഭഗവാനും കുടുംബവും’, ‘കംസവധം, കൃഷ്ണന്റെ യുവത്വം’ എന്നീ ചിത്രങ്ങളും ലേലത്തിന് വിറ്റിരുന്നു.
രവിവർമ മുംബൈയിൽ ആരംഭിച്ച പ്രസ് നടത്തുന്നതിനായി ജർമനിയിൽനിന്നുവന്ന ആളാണ് ഫ്രിറ്റ്സ് ഷ്ളിച്ചർ. പിന്നീട് ലോണാവാലയിലേക്ക് മാറ്റിസ്ഥാപിച്ച പ്രസ് രവിവർമ അദ്ദേഹത്തിന് വിൽക്കുകയും ചെയ്തു. പ്രസ് വാങ്ങിയ ഫ്ളിച്ചർ അവിടെയുണ്ടായിരുന്ന രവിവർമയുടെ പെയിന്റിങ്ങുകൾകൂടി സ്വന്തമാക്കിയിരുന്നു. അതിൽ നിന്നുമായിരുന്നു ഇപ്പോൾ മൂന്നെണ്ണം ലേലത്തിൽ വിറ്റിരിക്കുന്നത്.
Comments