തൃശൂർ: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭീഷണി. പാർട്ടി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതാണ് ഭീഷണിക്ക് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സിപിഐ ലോക്കല്‍ സെക്രട്ടറി വി.കെ ചന്ദ്രനെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ.ഐ മഹേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
തൃശൂർ ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. ഈയടുത്ത ദിവസങ്ങളിലായി നിരവധി സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു ഭീഷണി. നട്ടെല്ലൊടിക്കുമെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം മഹേഷ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ സിപിഐ പ്രവർത്തകർ പോലീസിൽ പരാതി നൽകി.
ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഏതാനും അംഗങ്ങളാണ് സിപിഎം വിട്ട് സിപിഐയിൽ ചേക്കേറിയത്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പ്രവർത്തകരും നേതാക്കളും ഗ്രൂപ്പ് മാറുന്നത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഭീഷണി ഉയർന്നതെന്നാണ് പറയപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് കേസെടുത്തു. എന്നാൽ പാർട്ടി മാറിയതിനെ തുടർന്നുള്ള വൈകാരിക പ്രതികരണം മാത്രമായിരുന്നു അതെന്നാണ് ഭീഷണിപ്പെടുത്തിയ മഹേഷിന്റെ വിശദീകരണം.
Comments