ഭുവനേശ്വർ: ഒഡീഷയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിനി ട്രക്ക് കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ഇന്ന് പുലർച്ചെ ജാജ്പൂർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടവരെല്ലാം പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചതായി ജാജ്പൂർ പോലീസ് സൂപ്രണ്ട് വിനിത് അഗർവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുലർച്ചെ ഉണ്ടായ മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായത്. സാധനങ്ങൾ വാങ്ങാൻ കൊൽക്കത്തയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു മിനി ട്രക്കിലെ യാത്രക്കാർ. ന്യൂൽപൂരിൽ വെച്ച് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തെക്കുറിച്ച് മരിച്ചവരുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് എസ്പി അഗർവാൾ പറഞ്ഞു. ജാജ്പൂർ ജില്ലയിലെ ബർചന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
Comments