തിരുവനന്തപുരം: വിവാഹദിനത്തിൽ ഫോൺ ഓഫാക്കി വരൻ മുങ്ങി. മനോവിഷമത്തിൽ 23-കാരി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ സ്വദേശിനി ധന്യയാണ് മരിച്ചത്. കിടപ്പുമുറിയിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊല്ലം അഞ്ചൽ സ്വദേശി അഖിലുമായി ധന്യ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ധന്യയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ധന്യ അഖിലിനൊപ്പമുണ്ടെന്ന് കണ്ടെത്തി. പിന്നാലെ
വീട്ടുകാരുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു. ധന്യയെ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പോലീസിന്റെ സാന്നിധ്യത്തിൽ അഖിൽ ഉറപ്പ് നൽകിയിരുന്നു. ഇതോടെ ധന്യ വീട്ടുകാർക്കൊപ്പം പോവുകയായിരുന്നു.
തുടർന്ന് വ്യാഴാഴ്ച വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും അഖിൽ എത്തിയിരുന്നില്ല. പല തവണ ഇയാളുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അഖിലിന്റെ വിവരമൊന്നും ലഭിക്കാതെ വന്നതോടെ വീട്ടുകാർ ധന്യയുമായി മടങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments