ബെംഗളൂരു: ചരിത്ര പ്രാധാന്യമുള്ള ബനവാസിയിൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുന്നകതോട് കൂടി പ്രദേശം സുപ്രധാന ടൂറിസം മേഖലയായി മാറ്റപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിരവധി വികസന പ്രവർത്തനങ്ങളാണ് പ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടബോത്സവ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മെ.
മുണ്ട്ഗോഡ്, ബനവാസി മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് നിരവധിപദ്ധതികൾ സർക്കാർ നടപ്പിലാക്കിയതായും ബൊമ്മെ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞ മൂന്നര വർഷമായി സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ജലസേചന പദ്ധതിയിലൂടെ 62 ടാങ്കുകൾ ഇതിനോടകം ബനവാസിയിൽ സ്ഥാപിച്ച് കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദി കവി പമ്പയുടെ ജന്മദേശമായ അന്നിഗേരിയിൽ വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക മുൻഗണന സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്നഡ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായാണ് ബനവാസി നഗരം അറിയപ്പെടുന്നത്. കന്നഡ കവി പമ്പ കന്നഡ ഭാഷയിൽ കൃതികൾ രചിച്ചത് ബനവാസിയിൽ വസിച്ചുകൊണ്ടാണ്. മധുകേശ്വര ക്ഷേത്രം ശില്പകലയിലെ അത്ഭുതമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭ സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ, മന്ത്രിമാരായ ശിവരാം ഹെബാർ, ഗോവിന്ദ് കാർജോൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments