ന്യൂഡൽഹി : ബിഷ്ണോയ് ജതേദി സംഘാംഗത്തെ വലയിലാക്കി ഡൽഹി പോലീസ്. കുപ്രസിദ്ധ ബിഷ്ണോയ് ജതേദി അക്രമ സംഘത്തിലെ സുധീർ മാൻ എന്നയാളാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ കൊലപാതകം, കവർച്ച, ആയുധ നിയമം എന്നീ കേസുകളിലെ പ്രധാന പ്രതിയാണ് സുധീർ മാൻ. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമാന അക്രമ കേസുകളിൽ ബിഷ്ണോയ് ജതേദി സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരിയിൽ, എഡിജിപി പ്രമോദ് ബാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഷ്ണോയ് ജതേദി അക്രമ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ ഖന്ന ജില്ലയിലെ രാജ്ഗഡ് ഗ്രാമവാസിയായ രവി രാജ്വീർ സിംഗാണ് അറസ്റ്റിലായത്. പ്രതിയ്ക്ക് കഴിഞ്ഞ 13,14 വർഷങ്ങളായി ലോറൻസ് ബിഷ്ണോയിയുമായും കാനഡ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈവശം നിന്ന് 30 കാലിബർ ചൈന നിർമ്മിത പിസ്റ്റളും ആറ് ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തു.
ബിഷ്ണോയി ജതേദി സംഘത്തിലെ അംഗങ്ങൾക്ക് ഒളിത്താവളങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവ രാജ്വാർ സംഘടിപ്പിച്ച് കൊടുക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് പ്രതിയ്ക്കായുള്ള തിരച്ചിൽ തുടങ്ങുകയും അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഗൂഢാലോചനയിൽ എഎൻഐ ലോറൻസ് ബിഷ്ണോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments