പട്‌ന: രാമചരിതമാനസത്തെ വീണ്ടും നിന്ദിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ആർജെഡി മുതിർന്ന നേതാവുമായ പ്രൊഫ. ചന്ദ്രശേഖർ. രാമചരിതത്തിൽ മുഴുവൻ മാലിന്യമാണെന്നായിരുന്നു ചന്ദ്രശേഖറിന്റെ പരാമർശം. ‘അവധി ഭാഷയിൽ രചിക്കപ്പെട്ട രാമചരിതമാനസത്തിൽ മുഴുവൻ മാലിന്യമാണ്. അത് നീക്കണം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതിന് വേണ്ടിയാണ് ഗോസ്വാമി തുളസിദാസ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ദളിതർക്കും, സ്ത്രീകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് രാമചരിതത്തിലുള്ളത്. സമൂഹത്തിൽ മനുസ്മൃതി വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇക്കാരണത്താലാണ് മനുസ്മൃതി ഡോ.ബിആർ അംബേദ്കർ അഗ്‌നിയ്‌ക്ക് ഇരയാക്കിയത്. ഇത് ദളിതരുടെ പിന്നോക്ക വിഭാങ്ങളുടെയും അവകാശങ്ങൾ കവർച്ച ചെയ്യുന്നതാണെന്നും’ചന്ദ്രശേഖർ ആരോപിച്ചു.
എന്നാൽ സംഭവത്തിൽ തുളസിപ്താധീശ്വർ ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യയടക്കം നിരവധിയാളുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഭഗവാൻ ശ്രീരാമനെ അപമാനിക്കുകയാണെന്നും രാമചരിതമാനസത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാമചരിതമാനസുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാഷ്‌ട്രീയം കളിക്കുകയാണെന്നും പത്മവിഭൂഷൺ ജേതാവ് കൂടിയായ രാമഭദ്രാചാര്യ പറഞ്ഞു.
രാമചരിതം തെറ്റായി എഴുതിയതാണെന്ന് പറയുന്നവർക്ക് യഥാർത്ഥത്തിൽ ഒന്നും അറിയില്ല. എ, ബി, സി എന്നിവയെക്കുറിച്ച് അറിവില്ലാത്തവർ രാമചരിതമാനസത്തെക്കുറിച്ച് എന്തും പറയും. അതിൽ ഒരക്ഷരം പോലും തെറ്റായി എഴുതിയിട്ടില്ല. രാമചരിതത്തിൽ സംശയമുള്ളവർ എന്നെ വന്ന് കാണുക. എന്നോടു ചർച്ച ചെയ്യുക. ശരിയായ വിശദീകരണം ഞങ്ങൾ നിങ്ങൾക്ക് നൽകും. ബിഹാർ വിദ്യാഭ്യാസ മന്ത്രിക്ക് ഒരറിവും ഇല്ലെന്നും രാമഭദ്രാചാര്യ തുറന്നടിച്ചു.
മുൻപും സമാനമായ രീതിയിൽ ചന്ദ്രശേഖർ രാമചരിതത്തെ അവഹേളിക്കുകയുണ്ടായി. രാമചരിതം സമൂഹത്തിന്റെ ശാപമാണെന്നായിരുന്നു ചന്ദ്രശേഖർ പരാമർശിച്ചത്. ഇതിന് പിന്നാലെ രാമചരിതം കത്തിക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ അരങ്ങേറുകയും ചെയ്തിരുന്നു. രാമചരിതത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അപകീർത്തികരമായ പരാമർശം ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ വിവാദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാമചരിതം കത്തിച്ചത്.
Comments