തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സാഹചര്യത്തിലാണ് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ട്. നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്.
സ്വപ്ന യുഎഇ കോൺസുലേറ്റിൽ നിന്നും രാജിവെച്ചതറിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഞെട്ടിയത് ഇനി അനധികൃത കച്ചവടം എങ്ങനെ നടത്തുമെന്ന് ആലോചിച്ചിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും-അദ്ദേഹം പറഞ്ഞു.
Comments