ബെംഗളൂരു : വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിയെ നടുറോഡിലിട്ട് കുത്തികൊലപ്പെടുത്തി യുവാവ്. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകർ ബാണലിമിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മുരുഗേഷപാതയിലായിരുന്നു സംഭവം.
ഒമേഗ ഹെൽത്ത് കെയറിൽ ജീവനക്കാരിയായിരുന്ന ലീല ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകും വഴിയായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയ്ക്ക് 16 തവണ കുത്തേറ്റുവെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മരണം ഉറപ്പു വരുത്തി മൃതദേഹത്തിനൊപ്പമിരുന്ന ഇയാളെ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ലീലയും പ്രതിയും തമ്മിൽ അഞ്ചു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഇരുവരും വിവാഹിതരാകുവാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം വീട്ടിലറിയിച്ചപ്പോൾ യുവതിയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് ദിനകറുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. ഇതോടെ യുവതി ദിനകറിൽ നിന്നും അകന്നു. ഇതിന് പിന്നാലെ യുവതിയെ കണ്ട് സംസാരിക്കുവാൻ ദിനകർ പലതവണ ശ്രമിച്ചിരുന്നു. എന്നാൽ യുവതി വിസ്സമ്മതം പ്രകടിപ്പിച്ചതോടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Comments