36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലഭിച്ച മിന്നും വിജയത്തിന്റെ ശോഭ ഇനിയും അവസാനിച്ചിട്ടില്ല. അർജ്ജന്റീന സ്വന്തമാക്കിയ ലോകകിരീടം ഇപ്പോഴും ആഘോഷങ്ങളും ആരവങ്ങളുമായി തലയെടുപ്പോടെ യാത്ര തുടരുകയാണ്. ഖത്തറിലെ ഓർമ്മകളിലാണ് താനിപ്പോഴുമെന്ന് അടുത്തിടെ ഇതിഹാസ താരം ലയണൽ മെസ്സി പറഞ്ഞിരുന്നു. ഓർമ്മകൾ പൂത്തുലയുമ്പോൾ കൂടുതൽ ഓഫറുകളുമായി എത്തിയിരിക്കുകയാണ് താരം. ലോകകപ്പ് സംഘത്തിന് മെസി ഗോൾഡൻ ഐഫോൺ 14 സമ്മാനിക്കുമെന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
സംഘത്തിലുണ്ടായിരുന്ന 35 പേർക്കാണ് മെസി സ്വന്തം മുതൽ മുടക്കിൽ ഐഫോണുകൾ സമ്മാനിക്കുന്നത്. ടീമിലെ താരങ്ങൾ, പരിശീലകർ എന്നിവരുൾപ്പടെ സപ്പോർട്ട് സ്റ്റാഫ് അടക്കം ആരെയും താരം മറന്നിട്ടില്ല. അംഗങ്ങൾക്കെല്ലാം പ്രത്യേകം തയ്യാറാക്കിയ ഫോണുകളാണ് നൽകുന്നത്. ഏകദേശം 1.73 കോടി രൂപയാണ് അദ്ദേഹം ഇതിനായി ചിലവാക്കിയത്.
കസ്റ്റമൈസ് ചെയ്ത സ്മാർട് ഫോൺ കെയ്സുകളടക്കം ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര കമ്പനിയായ ഐഡിസൈൻ ഗോൾഡ് ആണ് ഐഫോണുകൾ തയ്യാറാക്കിയത്. 24 കാരറ്റ് കൊണ്ട് നിർമ്മിച്ച കെയ്സുകളാണ് 35 ഐഫോണുകൾക്കും ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ താരങ്ങളുടെ പേരും നമ്പറും ഉൾപ്പെടെ കൊത്തി രേഖപ്പെടുത്തിയിരിക്കുന്നു. വേൾഡ് കപ്പ് ചാമ്പ്യൻ്സ് 2022 എന്ന ടീം ലോഗോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമ്മിച്ച എല്ലാ ഫോണുകളുടെയും ചിത്രങ്ങൾ കമ്പനി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇത് തയ്യാറാക്കുന്നതിന്റെ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഫോണുകൾ മെസ്സിയുടെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. ഈ മാസം അവസാനമാവും വിതരണം ചെയ്യുക.
Comments