ഉത്തരേന്ത്യയിൽ ദുർഗ്ഗാദേവിയെ ആരാധനയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ഉത്സവമാണ് ചൈത്ര നവരാത്രി. വസന്ത നവരാത്രി എന്നും ഈ ഉത്സവം അറിയപ്പെടുന്നു. ചൈത്ര നവരാത്രി ഒരു പുതുവർഷത്തിന്റെ ആരംഭം കൂടിയാണ്. സാധാരണയായി മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിലാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്. ഒൻപത് ദിവസങ്ങളിലായാണ് ഈ ആഘോഷം നടക്കുന്നത്.
ഉത്സവത്തിന്റെ പേര് ഒമ്പത് എന്നർത്ഥം വരുന്ന ‘നവ്’ എന്നും രാത്രി എന്നീ രണ്ട് വാക്കുകൾ ചേർന്നതാണ്. ആഘോഷത്തിന്റെ ഒമ്പത് നാളുകളിലായി ദുർഗ്ഗാദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ് ദേവിയുടെ ഒമ്പത് രൂപങ്ങൾ.
ഹിന്ദു കലണ്ടർ പ്രകാരം ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്. 2023 മാർച്ച് 22 ന് ചൈത്ര നവരാത്രി ആരംഭിക്കും, ഒൻപതാം ദിവസം മാർച്ച് 30 ന് വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന രാമനവമി ആഘോഷിക്കും. 2023 മാർച്ച് 31-ന് ദശമി, വ്രതദിനം ആചരിക്കും
ചൈത്ര നവരാത്രിയുടെ പ്രാധാന്യം
നവരാത്രിയുടെ ഈ ഒമ്പത് ദിവസങ്ങളിൽ ദുർഗ്ഗാ ദേവി തന്റെ ഭക്തരുടെ ഇടയിൽ ഭൂമിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. സാധാരണയായി ദേവിയുടെ വാഹനം സിംഹമാണ്. എന്നാൽ നവരാത്രി സമയത്ത്, ഭാവിയിൽ വരാനിരിക്കുന്ന സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു വാഹനത്തിൽ ദേവി എത്തുന്നു എന്നതാണ് വിശ്വാസം.
ഭക്തർ ഈ ഒമ്പത് ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കുകയും ദുർഗ്ഗാദേവിയെ പ്രാർഥിക്കുന്നു. ഒരു പുതുവർഷത്തിന്റെ ആരംഭം കൂടിയാണ്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ചൈത്ര നവരാത്രി പുതുവർഷ ദിനമായി ആഘോഷിക്കുന്നു. ഉദാഹരണത്തിന്, മഹാരാഷ്‌ട്രയിൽ, 2023 മാർച്ചിലെ ഈ നവരാത്രിയുടെ ആദ്യ ദിവസം ഗുഡി പഡ്വയായും കശ്മീരിൽ അതിനെ നവ്രേഹ് എന്നും ആഘോഷിക്കും.
ചൈത്ര നവരാത്രി പൂജ
ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തിൽ കലശം സ്ഥാപിക്കപ്പെടുന്നു, ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അഞ്ച് തരം ഇലകൾ കൊണ്ട് അലങ്കരിച്ച ഒരു പാത്രത്തിൽ (കലശം), മഞ്ഞൾ, വെറ്റില, ദുർവ മുതലായവയുടെ കഷണങ്ങൾ ചേർത്ത് ദുർഗ്ഗാദേവിയുടെ വിഗ്രഹത്തോടൊപ്പം വീട്ടിൽ ഒരു പുണ്യസ്ഥലത്ത് സ്ഥാപിക്കുന്നു.
കലശത്തിനും വിഗ്രഹത്തിനും മുന്നിൽ ഒരു വിളക്ക് തെളിയിച്ച് വെക്കുന്നു. അത് ഒമ്പത് ദിവസം തുടർച്ചയായി പ്രകാശിക്കുന്നു. ഈ സമയത്ത് ആളുകൾ ദുർഗാദേവിയെ അത്യധികം ഭക്തിയോടെ ആരാധിക്കുന്നു.
ചൈത്രമാസത്തിലെ പ്രതിപദ തിഥി 2023 മാർച്ച് 21-ന് രാത്രി 10.52-ന് ആരംഭിച്ച് അടുത്ത ദിവസം 2023 മാർച്ച് 22-ന് രാത്രി 8.20-ന് അവസാനിക്കും. നവരാത്രി 2023 മാർച്ച് 22-ന് ആരംഭിക്കുമെന്ന് ഉദയതിഥി പറയുന്നു.
Comments