കാസർകോട്: വെള്ളം തിളപ്പിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ നൃത്ത വിദ്യാർത്ഥിനി മരിച്ചു. ബാര അടുക്കുത്തു ബയൽ കലാ നിലയത്തിൽ രത്നാകരന്റെ മകൾ പി രശ്മിയാണ് (23) മരിച്ചത്. ജനുവരി 21- ന് അമ്മാവന്റെ വീട്ടിലെ മണ്ണെണ്ണ അടുപ്പിൽ നിന്നാണ് രശ്മിക്ക് തീപൊള്ളലേറ്റത്. തിളപ്പിച്ച വെള്ളം ഇറക്കിവെക്കുമ്പോൾ വസ്ത്രത്തിൽ തീപടരുകയായിരുന്നു.
അപകടം നടന്നത് മുതൽ മംഗളൂരുവിലെ ആസുപത്രിയിൽ ചികിത്സയിലായിരുന്നു രശ്മി. കഴിഞ്ഞ ദിവസമാണ് കാസർകോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് മരണം സംഭവിച്ചത്.
രശ്മിയുടെ വിവാഹം ഈ മാസം നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള കാത്തിരിപ്പിനിടയിലാണ് ദാരുണാന്ത്യം നടന്നത്. പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. കൂടാതെ നൃത്ത പരിപാടികളിലും സജീവമായിരുന്നു. ചട്ടഞ്ചാൽ ത്രയം നൃത്ത വിദ്യാലയത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത്.
Comments