തിരുവനന്തപുരം : വേനൽചൂടിൽ ചുട്ട് പൊള്ളി കേരളം. സംസ്ഥാനത്ത് ദിവസം തോറും ചൂട് വർദ്ധിക്കുകയാണ്. വടക്കൻ മേഖലകളായ കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഈ ജില്ലകളിൽ ഉയർന്ന താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനൽച്ചൂടിനെക്കാൾ മൂന്നു ഡിഗ്രി മുതൽ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്.
പാലക്കാട് ഇന്നലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട്-35.2, കൊച്ചി -33.4, ആലപ്പുഴ- 34.2, തിരുവനന്തപുരം-32.8 എന്നിങ്ങനെയായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വേനൽ ചൂട് വളരെ കൂടുതലാണ് റിപ്പോർട്ട് ചെയ്തത്. ജില്ലകളിലെ നദികൾ വറ്റി വരളുകയാണ്. കൃഷി നശിക്കാതിരിക്കാൻ മോട്ടോർ ഉപയോഗിച്ച്് ജലസേചനം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വർഷം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരിലാണ്. മലയോര പ്രദേശങ്ങളിലും രണ്ടാഴ്ചയായി ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. വടക്കൻ കേരളത്തിൽ തുലാവർഷം 40-45 ശതമാനം കുറവായിരുന്നു. മഴയുടെ അളവ് കുറവായതിനാലാണ് സംസ്ഥാനത്ത് ചൂട് കൂടിയതെന്ന്് കാലാവസ്ഥ ഗവേഷണകേന്ദ്രം അറിയിച്ചു.
പകൽ 11 മണി മുതൽ 3 മണി വരെ വെയിലേൽക്കുന്നത് ഒഴിവാക്കണം, പുറത്ത് ജോലി ചെയ്യുന്നവർ സൂര്യതാപം ഏൽക്കാതെ ശ്രദ്ധിക്കണം, ചൂട് കൂടുതലുള്ള സമയങ്ങളിൽ പരമാവധി പുറത്തിറങ്ങരുത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
Comments