വിശാഖപട്ടണം: ഭാരതത്തെ ‘ആത്മനിർഭർ’ ആക്കാനുള്ള ദൗത്യത്തിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആന്ധ്രപ്രദേശ് നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. ആന്ധ്രയുടെ കീഴിൽ ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ ദൗത്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023-നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്നത് പ്രധാനമന്ത്രിയുടെ സ്വപ്നമാണ്, ആന്ധ്രാപ്രദേശിന്റെ വികസനം, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള താക്കോലാണ്. ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യവുമായി രാജ്യം ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. ഇന്ത്യയെ 5-ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ കൂടുതൽ വ്യവസായങ്ങൾ ആവശ്യമാണ്. വ്യവസായങ്ങളില്ലാതെ, നമുക്ക് വേണ്ടത്ര മൂലധന നിക്ഷേപം നടത്താൻ കഴിയില്ല. വ്യവസായവും മൂലധന നിക്ഷേപവുമില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയില്ല’ -കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിന്റെ വികസനത്തിന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 240 ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള 6 തുറമുഖങ്ങൾ ആന്ധ്രാപ്രദേശിലുണ്ട്, ഇനി 4 എണ്ണം കൂടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനപ്പെട്ട എല്ലാ തുറമുഖങ്ങളെയും നാലുവരി ദേശീയപാതയുമായി ബന്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
‘2014-ന് മുമ്പ് ആന്ധ്രയിലെ ദേശീയപാതകളുടെ നീളം 4193 കിലോമീറ്ററായിരുന്നു. എന്നാൽ മോദിസർക്കാരിന്റെ നേതൃത്വത്തിൽ അത് ഇപ്പോൾ 8745 കിലോമീറ്ററാണെന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ വളരെ പ്രധാനപ്പെട്ടതാണ്. വ്യാവസായിക വികസനത്തിനായിട്ടുള്ള ഗ്രീൻ ഫീൽഡ് എക്‌സ്പ്രസ് വേകളാണ് ആന്ധ്രയിൽ നിർമ്മിക്കുന്നത്. അത്തരം എക്‌സ്പ്രസ് വേകളില്ലാതെ സംസ്ഥാനത്തേക്ക് ഒരു നിക്ഷേപവും വരാൻ പോകുന്നില്ല. സംസ്ഥാനത്തെ മൊത്തം ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയുടെ എണ്ണം നിലവിൽ 5 ആണ്. ആകെ 662 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് വികസിപ്പിക്കുന്നു. ഈ പദ്ധതിക്കായി സർക്കാർ 30000 കോടി രൂപ ചെലവിടുമെന്നും അദ്ദേഹം പറഞ്ഞു.
Comments