ബെംഗളൂരു : വിവാഹദിവസം ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ് . അതിഥികളായെത്തുന്ന എല്ലാവരുടെയും കണ്ണുകൾ തന്നിലേക്ക് മാത്രം പതിയുന്ന നിമിഷങ്ങൾ . അന്ന് അതീവ സുന്ദരിയാകണമെന്നാണ് എല്ലാ പെൺകുട്ടികളുടെയും ആഗ്രഹം . എന്നാൽ അങ്ങനെ സുന്ദരിയാകാൻ ശ്രമിച്ച് ഇപ്പോൾ ഐസിയുവിലായിരിക്കുകയാണ് കർണാടകയിൽ ഒരു പെൺകുട്ടി.
വിവാഹത്തിനായി മേക്കപ്പ് ചെയ്തതിനു പിന്നാലെയാണ് യുവതിയെ മുഖം വികൃതമായത് . തുടർന്നാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . കർണാടകയിലെ ഹാസനിലെ അർസികെരെ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം . ജജൂർ ഗ്രാമവാസിയായ യുവതിയാണ് വിവാഹത്തിനു അണിഞ്ഞൊരുങ്ങാനായി നഗരത്തിലെ ബ്യൂട്ടി പാർലറിൽ എത്തിയത്. പത്ത് ദിവസത്തിനകമാണ് യുവതിയുടെ വിവാഹമെന്നതിനാൽ നേരത്തേ ഫേഷ്യൽ അടക്കമുള്ളവ ചെയ്യാനാണ് യുവതി ഗംഗാശ്രീ ഹെർബൽ ബ്യൂട്ടി പാർലർ ആന്റ് സ്പായിൽ എത്തിയത്.
എന്നാൽ ഇവിടെ നിന്ന് മേക്കപ്പ് ചെയ്ത വധുവിന്റെ മുഖം വീർത്തതും വിരൂപവും വികൃതവുമായി മാറി. പുതിയ മേക്കപ്പ് പരീക്ഷിച്ചതായാണ് ബ്യൂട്ടീഷൻ പറയുന്നത്. ഈ മേക്കപ്പ് ഇട്ടതോടെ വധുവിന് അലർജി ഉണ്ടായി മുഖം വീർക്കാൻ തുടങ്ങി. ബ്യൂട്ടിപാർലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യൻ ആവികൊള്ളിച്ചതായും ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നുവെന്നുമാണ് വിവരം. പിന്നാലെ മുഖം കറുത്ത നിറമാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചു. യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് സൂചന. യുവതിയുടെ കുടുംബം ബ്യൂട്ടിപാർലറിനെതിരെ പരാതി നൽകിയിട്ടുണ്ട്.
Comments