ന്യൂഡൽഹി ; താൻ സ്ഥാപിച്ച രാജ്യമായ കൈലാസത്തിന്റെ പൗരത്വം സൗജന്യമായി നൽകാമെന്ന് വിവാദ ആൾദൈവം നിത്യാനന്ദ. സാങ്കൽപിക രാഷ്‌ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി കരസ്ഥമാക്കാമെന്നു ചൂണ്ടിക്കാട്ടി ട്വിറ്ററിൽ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്.
സ്വന്തമായി പതാകയും ഭരണഘടനയും സാമ്പത്തിക സംവിധാനവും പാസ്പോർട്ടും ചിഹ്നവും ഉള്ള രാജ്യമാണ് തങ്ങളുടേതെന്ന് കൈലാസ അവകാശപ്പെടുന്നു. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇക്വഡോറിന്റെ തീരത്തുള്ള ഒരു ദ്വീപ് വിലയ്‌ക്കു വാങ്ങിയാണ് നിത്യാനന്ദ സാങ്കൽപ്പിക രാജ്യം സ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നാണ് അന്ന് ഇക്വഡോർ അറിയിച്ചത്
പല രാജ്യങ്ങളിലുമുള്ളതുപോലെ കൈലാസയ്‌ക്കുമുണ്ട് സ്വന്തമായി – ധനം, വാണിജ്യം, പരമാധികാരം, ഭവനം, മാനുഷിക സേവനങ്ങൾ തുടങ്ങിയ വകുപ്പുകൾ.കൈലാസയ്‌ക്ക് ഇതുവരെ മറ്റു രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പല സർക്കാരുകളുമായും പ്രതിനിധികളുമായും ചർച്ച നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ കൈലാസ അറിയിക്കാറുണ്ടെങ്കിലും ഐക്യരാഷ്‌ട്ര സംഘടന ഇതുവരെ രാജ്യത്തെ അംഗീകരിച്ചിട്ടില്ല
നിത്യാനന്ദ ജന്മനാടായ ഇന്ത്യയിൽ ഹിന്ദു വിരുദ്ധരുടെ പീഡനം ഏൽക്കുകയാണെന്നു രാജ്യത്തിന്റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തു പറഞ്ഞിരുന്നു.
Comments