ലക്‌നൗ : ക്യാമ്പസിൽ ഹോളി ആഘോഷങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് വരാണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല . വൈസ് ചാൻസിലർ പുറപ്പെടുവിച്ച ഉത്തരവിൽ, ഹോളി ആഘോഷിക്കാൻ പൊതുസ്ഥലത്ത് ഒത്തുകൂടുന്നത് സംബന്ധിച്ച് മുൻപ് നൽകിയ ഉത്തരവ് പിൻവലിക്കുകയാണെന്ന് സർവകലാശാല അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയും മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയും ലഭിക്കുന്ന പ്രതികരണത്തിന്റെ വെളിച്ചത്തിലാണിത്… ഹൃദ്യമായ അന്തരീക്ഷത്തിൽ എല്ലാവരും നിറങ്ങളുടെ ഉത്സവം മാന്യമായി ആഘോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- എന്നും പറയുന്നു.
നേരത്തെ ഹോളി ആഘോഷിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു . ക്യാമ്പസിനുള്ളിൽ ആരും ഹോളി ആഘോഷിക്കരുതെന്നും, നിർദ്ദേശം ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവുണ്ട്. എന്നാൽ ഈ ഉത്തരവിനെതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി രംഗത്തെത്തുകയും , ഹോളി ആഘോഷിക്കുകയും ചെയ്തു . ഇതേ തുടർന്നാണ് വിവാദ ഉത്തരവ് പിൻവലിച്ചത് .
വിശ്വഹിന്ദു പരിഷത്തും ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. . റംസാനിൽ ഇഫ്താറിന് സർവകലാശാല അംഗീകാരം നൽകിയെങ്കിലും ഇപ്പോൾ ഹോളി ആഘോഷം നിരസിക്കുകയാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
“ഇതൊരു സർക്കുലറോ തുഗ്ലക്കി ഉത്തരവോ? കാശിയിലെ ഹിന്ദു വിശ്വവിദ്യാലയം ജിഹാദി ജാമിയയുടെ പാത പിന്തുടരാൻ തുടങ്ങിയോ? ജിഹാദികൾ ജാമിയയിൽ ഹോളിയെ എതിർക്കുന്നു!,” ബൻസാൽ കുറിച്ചു. നേരത്തെ റംസാനോട് അനുബന്ധിച്ച് സർവ്വകലാശാല ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരാണ് അന്ന് ഇതിൽ പങ്കെടുത്തത്.
Comments