ന്യൂഡൽഹി : 2026-ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആഗോള ഇലക്ട്രോണിക് വിതരണ ശൃംഖലയിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം മുതൽ ഇലക്ട്രോണിക് സാധനങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കും. കയറ്റുമതിയിൽ ഉൾപ്പെടുന്ന ആദ്യ 10 കാറ്റഗറിയിൽ മൊബൈൽ ഫോണുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ മാറ്റത്തിന് വ്യക്തമായ കാഴ്ചപ്പാടും നയതന്ത്രവുമുണ്ട്. ആഗോള ഉത്പാദനമെന്ന ലക്ഷ്യമാണ് ഇന്ത്യ ഉന്നം വെയ്‌ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് എക്കോസിസ്റ്റം വിപുലീകരിക്കുന്നതിൽ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ സെമികണ്ടക്ടർ എക്കോസിസ്റ്റം സ്ഥാപിക്കുക എന്നാതാണ് ലക്ഷ്യം. ഡിസൈൻ, പാക്കേജിംഗ്, ഫാബ്രിക്കേഷൻ എന്നിവയുൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സമ്പൂർണ ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments