കൊച്ചി : കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. മണിയുടെ അസാന്നിധ്യത്തിലും അദേഹത്തിന്റെ ഓർമ്മകൾ ഇന്നും ജീവിക്കുന്നു. ഈ അവസരത്തിൽ കലാഭവൻ മണിയുടെ സഹായം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത രേവത് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ജീവിക്കാനായി ഞാൻ ലോട്ടറി വിറ്റ് നടന്നു . അന്ന് എന്നെ കാണാൻ ആഗ്രഹിച്ച് മണിച്ചേട്ടൻ വിളിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് എന്നെ മണിച്ചേട്ടൻ ക്ഷണിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങി തന്നു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് എടുത്ത് തന്നു . മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. ഒരിക്കൽ ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാർ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്. അതെനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ബോധം കെട്ട് വീണു. ഇന്നും ഞാൻ വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരും എന്നാണ്’, രേവത് പറയുന്നു.
മണിച്ചേട്ടൻ ചെയ്യാതെ പോയ കുറെ കാര്യങ്ങളുണ്ട് . അതുകൊണ്ടാണ് നിർധനരായിട്ടള്ളവർ അവരുടെ കഥ പറയുമ്പോൾ ഞാൻ അവരെ സഹായിക്കുന്നത്. എനിക്ക് സ്വന്തമായി വീടില്ല. . അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയി. എന്നെ കുറിച്ച് വന്നൊരു ഫീച്ചർ കണ്ടിട്ടാണ് മണിച്ചേട്ടൻ എന്നെ സഹായിക്കാനെത്തിയത്’, രേവത് പറയുന്നു.
Comments