കൊച്ചി: വിഷപ്പുകയ്ക്ക് പിന്നാലെ മാലിന്യംനീക്കാനാകാതെ ഇരട്ടിദുരന്തത്തിൽ കൊച്ചിയിലെ ജനങ്ങൾ. കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസമായിട്ടും പൂർണ്ണമായി അണക്കാനായില്ല. ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് അഗ്നിരക്ഷാ സേന ആവർത്തിക്കുന്നത്.
അഞ്ച് ദിവസമായി 27-ൽ അധികം ഫയർ യൂണിറ്റുകൾ ദൗത്യം തുടരുന്നുണ്ടെങ്കിലും 80 ശതമാനം തീയാണ് അണക്കാനായത്. അതേസമയം നിലവിലെ മാലിന്യം നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്താത്തതിനെ തുടർന്ന് നഗരത്തിലെ മാലിന്യ നീക്കവും പ്രതിസന്ധിയിലായിരിക്കുമ്പോഴും, ഇന്നും പൂർണ്ണായി തീ അണക്കാനാകില്ലെന്നാണ് ഫയർ ഫോഴ്സ് അറിയിച്ചത്.
മാലിന്യം പുകഞ്ഞ് കത്തുന്നതിനാൽ കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. ഇത് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇന്നും പുകഞ്ഞ് കത്തുന്ന പുക കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തി. വെയിൽ കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെ, പുക ആലപ്പുഴ അരൂരിലേക്കും വ്യാപിച്ചു.
അതേസമയം കോർപ്പറേഷൻ നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതെവിടെ നിക്ഷേപിക്കുമെന്ന സംശയത്തിലാണ് കോർപ്പറേഷൻ. മാലിന്യം താത്കാലികമായി നിക്ഷേപിക്കാൻ കോർപ്പറേഷൻ ചില സ്ഥലങ്ങൾ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിൽ അന്തിമ തീരുമാനം ആകാത്തതും ജനങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. തീ പൂർണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റുക.
നാവികസേനയുടേത് ഉൾപ്പടെ 32 അഗ്നിശമന സേനാ യൂണിറ്റുകൾ രാപ്പകൽ പ്ലാന്റിലുണ്ട്. കഴിഞ്ഞ രാത്രി കാക്കനാട്, മരട് പ്രദേശങ്ങളിലേക്ക് പുക ഉയർന്നിരുന്നു. ഇതിനിടയിൽ ജില്ലയിലെ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു അവധിയായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
Comments