പാലക്കാട്: കത്തിക്കാളുന്ന വേനലിൽ പാലക്കാട് ജില്ലയിൽ നാശം വിതച്ച് കാട്ടുതീയും. കഴിഞ്ഞ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണക്കിൽ വ്യക്തമാകുന്നത്. സംസ്ഥാനത്ത് കാട്ടുതീ പടരാൻ സാധ്യതയുള്ള ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് പാലക്കാട്.
നെന്മാറ, പാലക്കാട്, മണ്ണാർക്കാട് തുടങ്ങിയ പല വനം ഡിവിഷനുകളിലാണ് കൂടുതലായും കാട്ടുതീ നാശം വിതച്ചത്. അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂർണമായി അണഞ്ഞിട്ടില്ല. പാലക്കാട് ജില്ല ചുട്ടുപൊള്ളുകയാണ്. വരൾച്ച രൂക്ഷമായതും വേനൽമഴ ലഭിക്കാത്തതും, ഇടവേളകളില്ലാത്ത ചുടുകാറ്റും കാരണം കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലായി.
അതേസമയം താപനില കടുക്കുന്ന സാഹചര്യത്തിൽ കാട്ടുതീ അപകടകരമാകാനും സാധ്യതയുണ്ട്. വേനലിന്റെ തുടക്കത്തിൽ തന്നെ വിയർത്തു കുളിക്കുകയാണ് ജില്ല. അതിനാൽ തുടർച്ചയായി 3–4 ദിവസം വേനൽമഴ ലഭിച്ചെങ്കിൽ മാത്രമേ കാട്ടുതീക്കു ശമനമാകൂ എന്നു വനംവകുപ്പ് അധികൃതർ പറയുന്നു.
നിലവിൽ മൂന്ന് വനം ഡിവിഷനുകൾക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറാട് കുമ്പാച്ചി മലയിലാണ് കൂടുതൽ നാശം. കഴിഞ്ഞ മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയിൽ 50 ഏക്കറിലധികം കത്തിനശിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള കണക്ക് പ്രകാരം വനവും വന്യജീവി സമ്പത്തും താരതമ്യേനെ കുറവായ പ്രദേശത്താണ് തീ പിടിച്ചിട്ടുള്ളത്. എന്നാൽ ജനവാസ മേഖലയിലേക്ക് തീപടരുമോ എന്നാണ് ഇപ്പോൾ അധികൃതരുടെ ഭയം.
ചെറിയ അശ്രദ്ധ പോലും വൻ വിപത്തുകൾക്ക് കാരണമായേക്കാം. ഈ സാഹചര്യത്തിൽ കൃത്യമായി ഫയർ ലൈനുകൾ ഉറപ്പാക്കി, ആഘാതം കുറയ്ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. രാത്രിയാണ് പലയിടത്തും തീ ഉണ്ടാകുന്നതും വലിയ അപകടമാണ്. ഇതോടെ വനംവകുപ്പ് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
Comments