ഇസ്ലാമാബാദ് : തന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് പിഇഎംആർഎ (പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി) വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ലാഹോർ ഹൈക്കോടതിയെ സമീപിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ.
ലാഹോർ ഹൈക്കോടതി (എൽഎച്ച്സി) രജിസ്ട്രാർ ഓഫീസ് ഹർജി പരിഗണിക്കാൻ തീരുമാനിച്ചു. ഇത് ജസ്റ്റിസ് ബിലാൽ ഹസ്സൻ ഇന്ന് പരിഗണിക്കും. ഹർജിയിൽ പിഇഎംആർഎയും അതോറിറ്റിയുടെ ഡയറക്ടറുമാണ് (ഓപ്പറേഷൻസ്, ബ്രോഡ്കാസ്റ്റ് മീഡിയ) പ്രതികൾ.
കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെ അറസ്റ് ചെയ്യുന്നതിൽ ഇസ്ലാമാബാദ് പോലീസ് പരാജയപ്പെട്ടിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച രാത്രിയാണ് സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ ഇമ്രാന്റെ പ്രസംഗം തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് പിഇഎംആർഎ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ സ്ഥാപനങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനാലാണ് ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ലൈവും റെക്കോഡ് ചെയ്തതുമായ പ്രസംഗങ്ങൾക്കും വാർത്താ സമ്മേളനങ്ങൾക്കുമെല്ലാം വിലക്ക് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ)നിർദേശം നൽകുകയായിരുന്നു.
രാജ്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെ വിദ്വേഷകരവും അപകീർത്തികരവും അനാവശ്യവുമായ പ്രസ്താവനകൾ സംപ്രേക്ഷണം ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ലംഘനമാണെന്ന് റെഗുലേറ്ററി ബോഡിയുടെ ഉത്തരവിൽ പറഞ്ഞു. തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഖാൻ സർക്കാരിനെ വിമർശിച്ചതിനാൽ ഖാന്റെ സംപ്രേക്ഷണങ്ങൾക്ക് ഇപ്പോൾ പൂർണ്ണ നിരോധനമുണ്ട്.
ഇമ്രാൻ ഖാൻ തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും തുടർച്ചയായി സർക്കാർ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് പൊതു സമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുണ്ട്. ഇത് ആർട്ടിക്കിൾ 19 പ്രകാരം ഗുരുതരമായ ലംഘനമാണ്. -പി.ഇ.എം.ആർ.എ പ്രസ്താവനയിൽ പറഞ്ഞു.
നിയമം പാലിക്കാത്ത സാഹചര്യത്തിൽ ടിവി ചാനലുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതാദ്യമായല്ല ഖാന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് പി.ഇ.എം.ആർ.എ ടിവി ചാനലുകളെ വിലക്കുന്നത്.
Comments