പാലക്കാട്: നെല്ല് സംഭരണത്തിലെ നിരവധി അപാകതകൾ വിജിലൻസ് അന്വേഷിച്ചു കൊണ്ടിരിക്കെ കർഷകന്റെ അക്കൗണ്ടിൽ വന്ന നെല്ലിന്റെ വില പിൻവലിക്കാൻ അനുവദിക്കാതെ കേരളാ ബാങ്ക്.
പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ നെൽ കർഷകനായ പ്രമോദിനാണ് ഈ ദുരവസ്ഥ. നെല്ല് സംഭരിച്ചതിന്റെ തുക രൂപ 1,60,970 ഫെബ്രുവരി 11 ന് പ്രമോദിന്റെ കേരളാ ബാങ്ക് കഞ്ചിക്കോട് ശാഖയിലെ അക്കൗണ്ടിൽ വന്നതായി പാസ് ബുക്ക് സൂചിപ്പിക്കുന്നു. അതിന് ശേഷം തുക പിൻവലിക്കാനായി 13 ന് പ്രമോദ് തന്റെ പേർക്ക് ഒരു ചെക്ക് എഴുതി പഞ്ചാബ് നാഷണൽ ബാങ്കിലെ തന്റെ അക്കൗണ്ട് മുഖേന കളക്ഷന് അയച്ചപ്പോൾ പെയ്മെൻ്റ് തരാതെ ബാങ്ക് മാനേജരെ കണ്ടിട്ട് വീണ്ടും ചെക്ക് സമർപ്പിക്കണം എന്ന കാരണം സൂചിപ്പിച്ചുകൊണ്ട് ചെക്ക് മടക്കുകയാണ് ഉണ്ടായത്.
അക്കൗണ്ടിൽ മതിയായ ഫണ്ട് ഇരിക്കെ തന്നെ പണം പിൻവലിക്കാൻ അനുവദിക്കാത്തതിനാൽ പ്രമോദ് അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ പാലക്കാടുള്ള ഗ്രാഹക് സേവാ കേന്ദ്രവുമായി ബന്ധപ്പെടുകയും, അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന ജോയിൻ്റ് കോർഡിനേറ്റർ അഡ്വ രതീഷ് ഗോപാലൻ മുഖേന കേരളാ ബാങ്ക് കഞ്ചിക്കോട് ബ്രാഞ്ച് മാനേജർക്ക് വക്കീൽ നോട്ടീസ് അയയ്‌ക്കുകയും ചെയ്തു. ചെക്കിലെ തുകയും, കേരളാ ബാങ്കിന്റെ നിലവാരമില്ലാത്ത സേവനത്തിനാൽ തനിയ്‌ക്ക് ഏർപ്പെട്ട മാനസിക ക്ലേശങ്ങൾക്കും, അസൗകര്യങ്ങൾക്കും നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം തരണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി കർഷകരുടെ അക്കൗണ്ടിൽ നെല്ലിന്റെ വില ലഭിച്ചിട്ടും കേരളാ ബാങ്ക് കർഷകരെ പണം പിൻവലിക്കാൻ അനുവദിക്കാത്തത് ബാങ്ക് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും, ഈ വിവരം റിസർവ് ബാങ്കിൽ അറിയിച്ചു കേരളാ ബാങ്കിനെതിരെ നടപടികൾ എടുക്കാൻ ആവശ്യപ്പെടുമെന്നും അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന കോർഡിനേറ്റർ അഡ്വ രതീഷ് ഗോപാലൻ പറഞ്ഞു.
Comments