ചെന്നൈ: താൻ തമിഴ്നാട് അദ്ധ്യക്ഷനായത് ദോശയും ഇഡലിയും ചുട്ട് വെറുതെ ഇരിക്കാനല്ലെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. താൻ നേതാവായിട്ടാണ് വന്നത്. പാർട്ടിയുടെ നല്ലതിന് എന്ത് തീരുമാനവും കൈക്കൊള്ളും. അതിന് ഒരു മാറ്റവും ഉണ്ടാകില്ല. തമിഴ്നാട് രാഷ്ട്രീയത്തിൽ ജാതി കലർന്ന ഒരേയൊരു പാർട്ടി ഡിഎംകെ ആണെന്നും സംസ്ഥാനത്ത് ഭിന്നിപ്പ് ഉണ്ടാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഡിഎംകെയുടേതാണെന്നും അണ്ണാമലൈ തുറന്നടിച്ചു. 2024-ലെ തിരഞ്ഞെടുപ്പിന് വേണ്ടി തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ദോശയും ഇഡലിയും ചുട്ട് വെറുതെ ഇരിക്കാനല്ല ഞാൻ ബിജെപി അദ്ധ്യക്ഷനായത്. ഒരു നേതാവായിട്ടാണ് ഞാൻ വന്നത്. ജയലളിതയുടെ തീരുമാനത്തിന് തുല്യമായിരിക്കും എന്റെയും തീരുമാനം. നേതാക്കൾ ഒരു തീരുമാനമെടുത്താൽ നാല് പേർ ദേഷ്യപ്പെട്ടു പോയെന്നിരിക്കും. ബിജെപിയുടെ വെറും മാനേജറല്ല ഞാൻ, പാർട്ടിയുടെ അദ്ധ്യക്ഷനാണ്. പാർട്ടിയുടെ നല്ലതിന് വേണ്ടി എന്ത് തീരുമാനവും ഞാൻ കൈക്കൊള്ളും. വരുദിവസങ്ങളിൽ അത് കൂടകയേയുള്ളു. സ്റ്റാലിൻ ആദ്യം നന്നായി ഒന്ന് ഉറങ്ങുക. അപ്പോൾ കുറച്ച് വാശി കുറയും. നന്നായി ഉറങ്ങിയാൽ വ്യക്തമായി സംസാരിക്കാനാകും’.
‘തമിഴ്നാട് മുഖ്യമന്ത്രി തീർത്തും അസ്വസ്ഥനാണ്. തമിഴ്നാട് രാഷ്ട്രീയത്തിൽ ജാതി കലർന്ന ഒരേയൊരു പാർട്ടി ഡിഎംകെയാണ്. സംസ്ഥാനത്ത് ഭിന്നിപ്പുണ്ടാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്കാണ്. തെറ്റുകളെ ഞങ്ങൾ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അതിനെ കേസെടുത്ത് കൊണ്ട് പ്രതിരോധിക്കാം എന്ന് സ്റ്റാലിൻ സർക്കാർ കരുതേണ്ട. ബിജെപിയിൽ നിന്ന് ആളുകളെ അകറ്റിയാൽ മാത്രമേ ദ്രാവിഡ പാർട്ടികൾക്ക് ഇനി വളരാൻ സാധിക്കൂ. നിങ്ങൾ ആവശ്യമുള്ളവരെ എടുത്തുകൊള്ളൂ. അതുകൊണ്ട് ബിജെപിയുടെ വളർച്ചയെ തടയാമെന്ന് വ്യാമോഹിക്കേണ്ട’.
‘മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ഇരു മുഖ്യമന്ത്രിമാരും ജനങ്ങളെ കബളിപ്പിക്കുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിന് വേണ്ടി തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണ്. തമിഴ്നാടിനെക്കുറിച്ചോ കേരളത്തെക്കുറിച്ചോ ആശങ്ക വേണ്ട. ബിജെപി ഈ സംസ്ഥാനങ്ങളിൽ ശക്തമാകും. ഡിഎംകെയിലെ നേതാക്കളുടെ പ്രായം നോക്കിയാൽ തന്നെ പാർട്ടിയുടെ അവസ്ഥ മനസ്സിലാകും. എന്റെ പ്രായവും ഡിഎംകെ നേതാക്കളുടെ പ്രായവും ശ്രദ്ധിച്ചാൽ തന്നെ കാര്യങ്ങൾ മനസ്സിലാകും. പുതിയ തലമുറയ്ക്ക് പാർട്ടിയെ നയിക്കാൻ കഴിയണമെങ്കിൽ പ്രായമായവർ ഒഴിഞ്ഞു കൊടുക്കണം. ഡിഎംകെയിൽ അത് സാധ്യമല്ല’ എന്നും അണ്ണാമലൈ പറഞ്ഞു.
Comments