ട്രാഫിക് നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക് അപ്രതീക്ഷിതമായി സമ്മാനം നൽകാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി. ‘ഗൾഫ് ട്രാഫിക് വീക്ക്-2023’ന്റെ ഭാഗമായാണ് രണ്ടുദിവസത്തെ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയത്.
റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച് യാത്ര ചെയ്യുന്ന 20 പേരെ തിരഞ്ഞെടുത്താണ് ദുബായ് ആർടിഎ സമ്മാനം നൽകുക. ‘ദ സേഫ് റൈഡർ’ എന്നുപേരിട്ട പദ്ധതിയിൽ ആകെ 20,000 ദിർഹമാണ് വകയിരുത്തിയിട്ടുള്ളത്. മാർച്ച് ആറു മുതൽ 12വരെ നടക്കുന്ന ‘ഗൾഫ് ട്രാഫിക് വീക്ക്-2023’ന്റെ ഭാഗമായാണിത്.
ആർ.ടി.എ നേരത്തെ പുറത്തിറക്കിയ ട്രാഫിക് നിയമങ്ങളെല്ലാം പാലിക്കുന്നവർക്കാണ് കാഷ് പ്രൈസ് നൽകുക. എന്നാൽ ഏത് ദിവസങ്ങളിലാണ് അധികൃതർ വിജയികളെ കണ്ടെത്തുന്നതിന് പരിശോധന നടത്തുകയെന്ന് വ്യക്തമല്ല. സുരക്ഷിതവും നിയമം പാലിച്ചുമുള്ള ഇ-സ്കൂട്ടർ, സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആയിരക്കണക്കിനാളുകൾ ദുബായിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളുമായി ദിവസവും നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ മുഴുവൻ നിയമങ്ങളും പാലിക്കാൻ പലരും സന്നദ്ധരാകുന്നില്ല. ഈ സാഹചര്യത്തിൽ ബോധവത്കരണത്തിനായി പുത്തൻ മാർഗം സ്വീകരിച്ചത്. സുരക്ഷാ ഹെൽമെറ്റ് ധരിക്കുക, വേഗപരിധികൾ പാലിക്കുക, ശരിയായ പാതകളിലൂടെ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിയമങ്ങളാണ് പാലിക്കുന്നുണ്ടേയെന്ന് പരിശോധിക്കുക.
Comments