വീണ്ടും ട്രോളുകളിൽ നിറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകൾ. കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് അപ്പം വിൽക്കാം, അദാനിയും അംബാനിയും വിജയിച്ചത് കഴിവുള്ളതു കൊണ്ടല്ല എന്നീ പ്രസ്താവനകൾ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായിരുന്നു. മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ ഒരു വീഡിയോ ഇപ്പോൾ ട്രോളുകളിൽ ഇടം നേടുന്നത്.
പാർട്ടി ക്ലാസ് എടുക്കുന്ന ശൈലിയിൽ മാദ്ധ്യമങ്ങൾക്ക് ക്ലാസ് എടുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. ‘ഒരു ആശയം മസ്തിഷ്കത്തിലേയ്ക്ക് പ്രവേശിച്ചാൽ, ആ പ്രവേശിച്ച ആശയത്തിന് കൂട്ടായ്മ ലഭിച്ചാൽ, ആ ലഭിച്ച ആശയം കേവലമായ ഒരു ആശയമല്ല, അതൊരു ഭൗതിക ശരീരമാകുമെന്നുള്ള ശരിയായ ശാസ്ത്രമാണ് മാദ്ധ്യമങ്ങൾ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്’ എന്നാണ് എം.വി ഗോവിന്ദന്റെ വാക്കുകൾ.
‘ഗോവിന്ദൻ മാഷിന്റെ താത്വിക അവലോകനം’ എന്നാണ് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ എം.വി ഗോവിന്ദന്റെ വാക്കുകളെ വിശേഷിപ്പിച്ചത്. ‘സന്ദേശം സിനിമയിലെ കുമാരപിളള സാറും രണ്ടാം മുണ്ടശ്ശേരി എംഎ ബേബിയും വ്യവസായ മന്ത്രി പി രാജീവുമൊക്കെ കാലഹരണപ്പെട്ടു. ഗോവിന്ദൻ മാഷാണ്, മാഷ്!’ എന്ന് അഡ്വ. എ.ജയശങ്കറും പരിഹസിച്ചു.
Comments