കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ അനധികൃത സ്വർണകടത്ത്. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ഷാഫി പിടിയിൽ. ബഹ്റൈൻ-കോഴിക്കോട്-കൊച്ചി വിമാനത്തിലെ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ സ്റ്റാഫാണ് അനധികൃത സ്വർണകടത്തിന് പിടിയിലായത്. 1.5 കിലോ സ്വർണവുമായി വയനാട് സ്വദേശിയായ ഷാഫിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 1487 ഗ്രാം സ്വർണം ഷർട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് കണ്ടെടുത്തത്.
കൊച്ചിയിലേക്കുള്ള വിമാനത്തിൽ അനധികൃത സ്വർണകടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് സ്വർണം കയ്യിൽ ഒട്ടിച്ച് കവർ കൊണ്ട് പൊതിഞ്ഞ് ഷർട്ടിനുള്ളിലാക്കിയ നിലയിൽ പ്രതിയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. അനധികൃത സ്വർണകടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments