കൊല്ലം : എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. എക്സൈസ് ഉദ്യോഗസ്ഥാനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികൾ വലയിലാവുന്നത്.
പിടിയിലായ എക്സൈസ് ഉദ്യോഗസ്ഥന് മുമ്പും എംഡിഎംഎ കച്ചവടമുണ്ടായിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുറച്ചുദിവസമായി അഖിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചൽ പോലീസും ഡാൻസാഫ് ടീമും ഇവർ താമസിച്ച ലോഡ്ജിലെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടികൂടിയത്.
കിളിമാനൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനാണ് അഖിൽ. അഖിലിന്റെ സുഹൃത്തക്കളാണ് പിടിയിലായ മൂന്ന് പേരും. കഴിഞ്ഞ ആറ് മാസത്തിലധികമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യൽ നടന്നു വരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമെ സംഘത്തിലെ കൂടുതൽ ആളുകളെ കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
Comments