കോഴിക്കോട്: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ മിഡ്പോയിന്റ് വിശേഷാൽ പതിപ്പിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലേഖനങ്ങളോന്നും തന്നെ കാണാനില്ല. ഇത് രാഷ്‌ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. മുസ്ലിം രാഷ്‌ട്രീയത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ എന്ന പേരിൽ ലീഗ് നേതാക്കളും ചിന്തകരും അക്കാദമിക് രംഗത്തുള്ളവരുമാണ് മാസികയിൽ എഴുതിയിരിക്കുന്നത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കെ.എം ഷാജി, തുടങ്ങി നിരവധി ലീഗ് നേതാക്കളുടെ ലേഖനങ്ങൾ പതിപ്പിലുണ്ട്. നേതാക്കന്മാരുടെയും അക്കാദമീഷ്യന്മാരെയും പതിപ്പിൽ ഉൾപ്പെടുത്തിയപ്പോഴും ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് നിഷ്‌കളങ്കമായല്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നത്. 1990ന് ശേഷം പുറത്തിറങ്ങിയ വിശേഷാൽ പതിപ്പുകളിലും പരിപാടികളിലും കുഞ്ഞാലിക്കുട്ടി നിറസാന്നിദ്ധ്യമായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്നുള്ള വാർത്തകൾ വരുമ്പോഴാണ് മിഡ്പോയിന്റിലെ കുഞ്ഞാലിക്കുട്ടിയുടെ അഭാവം ചർച്ചയാവുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ലീഗിന്റെ നിലവിലെ സ്വഭാവത്തിൽ മാറ്റമുണ്ടാവണമെന്ന ആഗ്രഹം ഒരു വിഭാഗം മുന്നോട്ട് വെച്ചിരുന്നു. കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ അഭിപ്രായ വ്യത്യാസത്തിന്റെ അടുത്ത തലമെന്ന രീതിയിലാണ് ഈ പ്രശ്‌നത്തെ നിരീക്ഷകർ നോക്കി കാണുന്നത്.
Comments