ന്യൂഡൽഹി : ഓയോ റൂം സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേഷ് അഗർവാൾ ഫ്ലാറ്റിന് മുകളിൽനിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽനിന്ന് വീണാണ് മരണം.
റിതേഷ് ആഗർവാളിന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഇവർ താമസിച്ചിരുന്ന ഡിൽഎഫ് ഫ്ലാറ്റിന്റെ മുകളിൽ നിന്നായിരുന്നു ഇയാൾ വീണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവസമയത്ത് അപ്പാർട്ട്‌മെന്റിൽ രമേഷ് അഗർവാൾ കുടുംബസമേതം ആണ് ഉണ്ടായിരുന്നത്. എന്നാൽ മരണ ശേഷമുള്ള പ്രാഥമിക അന്വോഷണത്തിൽ ദുരുഹമായൊന്നും കണ്ടെത്താനായില്ല.
മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം പരാതി നൽകിയിട്ടുമില്ലെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിന്റെ സെക്യൂരിറ്റി റൂമിന് സമീപം ഒരാളെ രക്തവാർന്ന് നിലയിൽ കണ്ടെന്നായിരുന്നു മറ്റ് താമസ്സക്കാർ പറഞ്ഞത്. കഴിഞ്ഞ ആഴ്ചയായിരുന്നു റിതേഷ് അഗർവാൾ വിവാഹിതനായത്. ആഡംബര വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രമേഷ് അഗർവാളിന്റെ അപ്രതീക്ഷിത വേർപാട്.
പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും തന്റെ കരുത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗർവാൾ പറഞ്ഞു. ഞങ്ങളുടെ താങ്ങും തണലുമായ ശക്തി വിടവാങ്ങിയിരിക്കുന്നു എന്നാണ് റിതേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നയാളാണ്. ഈ വിയോഗം കുടുംബത്തിന് തീരാനഷ്ടമാണ്. പിതാവിന്റെ അനുകമ്പയും ഊഷ്മളതയുമാണ് പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും ഞങ്ങളെ മുന്നോട്ടുകൊണ്ടുപോയതെന്നും റിതേഷ് അഗർവാൾ കൂട്ടിച്ചേർത്തു.
Comments