പാലക്കാട് : കാട്ടുപന്നി വാഹനത്തിന് മുന്നിൽ ചാടിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി ആയക്കാട സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ അബ്ദുൽ ഹക്കീമാണ് മരിച്ചത്. കാട്ടുപന്നി ഓട്ടോയുടെ മുന്നിലേക്ക് ചാടിയതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരന്റെ മക്കളായ ആദർശ് രാജ്, ആദിദേവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പും സർക്കാരും വേണ്ട വിധത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Comments