മലപ്പുറം : തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചരവയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. കോട്ടക്കൽ, എടരിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ആറുപേർ ചികിത്സയിലാണ്. മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
അയൽവാസിയുടെ മലപ്പുറത്തെ ബന്ധു കൊണ്ടുവന്ന പൊങ്ങ് സമീപ വീടുകളിലുള്ളവരടക്കം കഴിക്കുകയായിരുന്നു. കുടുംബത്തിലെ ആൺകുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി. എന്നാൽ പൊങ്ങ് കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയായിരുന്നു. വയറിളക്കവും ഛർദിയും ഉണ്ടായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് മനസ്സിലായത്.
രാവിലെ മുറിച്ച് വെച്ച പൊങ്ങ് ഏറെ വൈകി കഴിച്ചതാവാം കാരണമെന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് പറഞ്ഞു. ചൂട് കൂടുന്നതാണ് ഇത്തരം ഭക്ഷണ പദാർഥങ്ങൾക്ക് കേടു സംഭവിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments