മുംബൈ: വീണ്ടും കുരുക്ക് മുറുക്കി ഇഡി. മഹാരാഷ്ട്ര മുൻ മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരബിന്റ അടുത്ത അനുനായി സദാനന്ദ് കദമിനെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റിലായത്.മൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി സദാനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻ ഗതാഗത മന്ത്രി പരബ് കദമിന്റെ ഒത്താശയോടെ തീരദേശ നിയന്ത്രണ മേഖല (സിആർഇസഡ്) മാനദണ്ഡങ്ങൾ ലംഘിച്ച് റിസോർട്ടുകൾ നിർമ്മിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ദാപ്പോളിയിലാണ് അനധികൃത റിസോർട്ട് നിർമാണം നടത്തിയത്. ഇത് പ്രകാരം കള്ളപ്പണം വെളുപ്പിക്കലിലും പങ്കാളിത്തമുള്ളതായി ഇഡി കണ്ടെത്തിയിരുന്നു. പരബിന്റെ പേരിൽ ക്രമക്കേടുകൾ നടത്തിയത് ഇയാൾ ആണെന്നും ഇഡി വ്യക്തമാക്കി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു കണ്ടെടുത്തതായും അന്വേഷണ ഏജൻസി അറിയിച്ചു.
പരബ്, സായ് റിസോർട്ട്, സീ കോഞ്ച് റിസോർട്ട് എന്നിവയ്ക്കെതിരെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്ഷൻ 7, 15 എന്നിവയുടെ ലംഘനം ആരോപിച്ച് പരാതി നൽകിയതിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. വഞ്ചനയ്ക്കും സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതിനും പരബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments