ബെംഗളൂരു : ബെംഗളൂരു-മൈസൂർ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ബെംഗളൂരിനും മൈസൂരിനുമിടയിലുള്ള യാത്ര ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിട്ടായി കുറയും. 8,840 കോടി രൂപ മുതൽ മുടക്കിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ വികസിപ്പിച്ചെടുത്തത്.
എൻഎച്ച് 275ന്റെ ബെംഗളൂരു-നിദ്ദാഗഡ്-മൈസൂർ ഭാഗത്തിന്റെ ആറുവരി പാത ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽക്കും. ദേശീയ പാത ഉദ്ഘാടനത്തിന് ശേഷം മണ്ഡ്യയിലെ പൊതു പരിപാടികളിലും റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ, 16,000 കോടി രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
മൈസൂർ-ഖുഷാൽ നഗർ നാലു വരി പാതയുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ യാത്രാ ദൈർഘ്യം അഞ്ച് മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. 92 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 4,130 കോടി രുപ മുതൽ മുടക്കിലാണ് വികസിപ്പിക്കുന്നത്.
Comments