ന്യൂഡൽഹി: ഡൽഹി കോടതി പരിസരത്ത് നൃത്തപരിപാടികൾ സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. മാർച്ച് ആറിന് ഡൽഹി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഹോളി മിലൻ പരിപാടിയുടെ ഭാഗമായി ഹൈക്കോടതി പരിസരത്ത് നടത്തിയ നൃത്തപരിപാടിയ്ക്കെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
പട്യാല ഹൗസ് കോടതി സമുച്ചയത്തിൽ നടന്ന പരിപാടി ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചു. ഇത് അഭിഭാഷകവൃത്തിയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും ഇത് ജുഡീഷ്യറി സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് അപമാനകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിരവധി അഭിഭാഷകർ നേരത്തെ തന്നെ ചടങ്ങിനെ എതിർത്ത് ന്യൂഡൽഹി ബാർ അസോസിയേഷന് (എൻഡിബിഎ) കത്തെഴുതിയിരുന്നു. ഈ നൃത്തപരിപാടി ബാർ അസോസിയേഷന് തികച്ചും ‘അനുചിതവും അപമാനകരവുമാണ്’ എന്ന് അവർ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസത്തിനകം ബാർ അസോസിയേഷന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും അവരുടെ പ്രതികരണം
വിലയിരുത്തി നടപടി സ്വീകരിച്ച് റിപ്പോർട്ട് തയാറാക്കാനും ഹൈക്കോടതി പ്രിൻസിപ്പൽ ജഡ്ജി പട്യാല ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതി പരിസരത്ത് ബാർ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു പരിപാടികൾക്കും ഉപയോഗിക്കാൻ അനുവദമില്ലെന്ന് പ്രിൻസിപ്പൽ ജഡ്ജി ഉത്തരവിട്ടു.
Comments