ആലപ്പുഴ : പള്ളിപ്പുറം എൻഎസ്എസ് കോളേജ് താൽക്കാലികമായി അടച്ചു. ആർട്സ് ദിനാഘോഷത്തിൽ സിനിമാറ്റിക് ഡാൻസ് അനുവദിച്ചില്ലെന്ന ആരോപിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് കോളേജ് താൽക്കാലികമായി അടച്ചത്. എന്നാൽ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ആർട്സ് ദിനാഘോഷത്തിന്റെ അവസാനമാണ് യൂണിയന്റെ നേതൃത്വത്തിൽ സിനിമാറ്റിക് ഡാൻസ് സംഘടിപ്പിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ സിനിമാറ്രിക് ഡാൻസ് ഇല്ലാത്തതിനാൽ അനുവാദം നൽകില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.യൂണിയന് നേതൃത്വം നൽകുന്ന എസ്എഫ്ഐയും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
കോളേജ് പ്രിൻസിപ്പലിനെ ഉൾപ്പെട പുറത്ത് വിടാതെ ഗേറ്റ് പൂട്ടി ഉപരോധിക്കുകയായിരുന്നു. തുടർന്ന് കോളേജ് അങ്കണത്തിൽ സിനിമാറ്റിക് ഡാൻസ് കളിച്ചുകൊണ്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു. വസ്ത്രധാരണത്തിലടക്കം അനാലശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതടക്കമുള്ള നടപടികൾക്കെതിരെയാണ് പ്രതിഷേധം നടന്നതെന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ പരിപാടി ഇനത്തിൽ ഇല്ലാതിരുന്ന സിനിമാറ്റിക് ഡാൻസ് അനുവദിക്കാത്തതിനെ തുടർന്നാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് കോളേജ് അധികൃതർ പറഞ്ഞു.
Comments