കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. കൊച്ചിയിലെയും സമീപ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് അവധി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ബ്രഹ്മപുരത്ത് തീപിടിത്തം സംഭവിച്ച് പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും അഗ്നിബാധ പൂർണമായും അണയ്ക്കാൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. തീപിടിത്തത്തിന്റെ ഭാഗമായി ബ്രഹ്മപുരത്ത് ഉയർന്ന വിഷപ്പുക ഇപ്പോഴും പരിസരമേഖലയിലും കൊച്ചിയിലും പടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചിയിലെ ജനങ്ങൾ മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂവെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സ്കൂളുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമാണ്. അതേസമയം പത്താം ക്ലാസ്, പ്ലസ് ടു, വിഎച്ച്എസ്ഇ തുടങ്ങിയ പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീൾകൾക്കും അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.
Comments