തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചൂടിൽ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമാകും വേനൽ മഴ. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത.
ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. വേനൽ കടുത്തതോടെ പലയിടങ്ങളിലും കുടിവെള്ളം പോലും ലഭ്യമാകുന്നില്ല. സംസ്ഥാനത്തെ പല നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. വേനൽ മഴ പെയ്യുന്ന ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല എന്നാണ് അറിയിപ്പ്.
അതേസമയം, ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
Comments