ന്യൂഡൽഹി: കശ്മീർ യാത്ര സ്വപ്നമായി കൊണ്ടു നടക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ആകർഷകമായ പാക്കേജുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽ വേ. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഒരു ബഡ്ജറ്റ് പാക്കേജാണ് ഐ.ആർ.സി.ടി.സി യാത്രക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജന്നത്ത്-ഇ-കശ്മീർ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഏപ്രിൽ ഒൻപതിന് ആരംഭിക്കും. യാത്രക്കാർക്ക്് അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ്, യാത്രാ ചിലവുകൾ, താമസവും ഭക്ഷണവും, സൈറ്റ്സീയിംഗ് എന്നിവ ഉൾപ്പെടുത്തിയാണ് പാക്കേജ്. സഞ്ചാരികൾക്ക് നാല് ദിവസം ഹോട്ടൽ താമസവും ഒരു ദിവസം ഹൗസ് ബോട്ടിലെ താമസവുമാണ് ഒരുക്കുക.
സോൻമാർഗ്, ഗുൽമാർഗ്, പഹൽഗാം, ദാൽ തടാകം തുടങ്ങിയ കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിക്കാനുള്ള അവസരമാണ് ഇന്ത്യൻ റെയിൽ വേ ഒരുക്കുന്നത്. യാത്രക്കാർ തിരഞ്ഞെടുക്കുന്ന പാക്കേജുകൾക്കനുസരിച്ച് 41,300 മുതൽ 61,000 വരെയാണ് ഒരാൾക്കുള്ള നിരക്ക്. 60,100 രൂപയുടെ ഒരു ടിക്കറ്റ് രണ്ട് പേർ ചേർന്നെടുക്കുമ്പോൾ അത് ഒരാൾക്ക് 44,900 രൂപയായി കുറയും. മൂന്നുപേർ ചേർന്ന് എടുക്കുമ്പോൾ 44,000 രൂപയായും കുറയും. 41,300 രൂപയാണ് കുട്ടികൾക്കുള്ള നിരക്ക്.
Comments