വെറൈറ്റികൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ഓരോരുത്തരും . അതിനായി എന്ത് ചെയ്യാനും പലർക്കും മടിയില്ല . എന്നാൽ അതിൽ തികച്ചും വ്യത്യസ്തമാകുകയാണ് മൂന്ന് തലമുറകൾ ഒന്നിച്ച ഈ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് . സാധാരണയായി മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ കുടുംബക്കാരെയൊന്നും കൂട്ടാറില്ല. എന്നാൽ അടുത്ത തലമുറയ്ക്കായി കാത്തിരിക്കുന്ന കുടുംബക്കാരെയും ഒന്നിച്ചു ചേർത്താൽ അത് വ്യത്യസ്തത മാത്രമല്ല ഏറെ സന്തോഷവും നൽകുമെന്ന് കാട്ടിത്തരികയാണ് ചിഞ്ചുവും ജിബിനും നടത്തിയ ഈ ഫോട്ടോഷൂട്ട്.
മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും ഒപ്പം ചിഞ്ചുവും ജിബിനും. ജിബിൻ തന്നെയാണ് ഫോട്ടോഷൂട്ട് വിഡിയോയ്ക്കും പിന്നിൽ. രോമാഞ്ചം സിനിമ കണ്ടപ്പോൾ മുതൽ ആ പാട്ടിനോട് തോന്നിയ ആകർഷണമാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് പിന്നിലെന്ന് ജിബിൻ പറഞ്ഞു. ജിബിന്റെ വല്യപ്പനും വല്യമ്മയും അച്ഛനും അമ്മയും ഒപ്പം ഭാര്യയായ ചിഞ്ചുവിന്റെ അച്ഛനും അമ്മയുമാണ് ഫോട്ടോഷൂട്ടിൽ തകർത്ത് അഭിനയിച്ചത്. അവരവരുടെ കാലഘട്ടത്തിലെ കോസ്റ്റ്യൂമാണ് തിരഞ്ഞെടുത്തത്.
ഫോട്ടോഗ്രാഫി ആത്രേയ എന്ന പേജിലൂടെ ‘എന്റെ സ്വന്തം കുടുംബം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. ജാൻ എ മൻ’ സിനിമയിൽ ബാലു വർഗീസിന്റെ അച്ഛന്റെ വേഷം ചെയ്ത കുഞ്ഞുകുട്ടിയാണ് കൂട്ടത്തിലെ താരം. സ്വന്തം അപ്പൂപ്പനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്തതില്‍ ഏറെ സന്തോഷവാനാണ് ജിബിൻ.
Comments