കൊല്ലം: വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചനാ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
അഖിലും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധത്തെ അഖിലിന്റെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയിരുന്നു.
തുടർന്ന് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. ഫെബ്രുവരി 23-ന് വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. വിവാഹദിനത്തിൽ പെൺകുട്ടി എത്തിയെങ്കിലും അഖിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. അതിന്റെ മനോവിഷമത്തിൽ പെൺകുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
Comments