കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും. കത്തോലിക്ക സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ജീവിതം ഉഴിഞ്ഞുവച്ച പൗവ്വത്തിൽ പിതാവിന്റെ വേർപാട് വലിയ നഷ്ടമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ലാളിത്യത്തിന്റെ പൂർണതയുള്ള മഹനീയ ജീവിതത്തിന്റെ ഉടമയായിരുന്നു ജോസഫ് പൗവ്വത്തിൽ. ഇന്റർ ചർച്ച് കൗൺസിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ചിന്തകനും മാർഗ്ഗദർശ്ശിയുമായ ആർച്ച് ബിഷപ് വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ബിഷപ്പിന്റെ വിയോഗത്തിൽ വിശ്വാസികളുടെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു. ശ്വാസതടസ്സം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്‌ക്കായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
92 വയസായിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. ഇന്റർ ചർച്ച് കൗൺസിൽ മുൻ ചെയർമാനായിരുന്നു.
Comments