പയ്യന്നൂർ ; പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ സർക്കാർ വാഹനം പുറത്തിറക്കാൻ കഴിയാതെ ചുറ്റും മതിൽ കെട്ടി അകത്താക്കി. സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കണ്ണൂർ റീജനൽ മാനേജരുടെ കാര്യാലയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനമാണു പുറത്തിറക്കാൻ കഴിയാത്ത വിധം മതിൽ കെട്ടിയത്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വലിയ ചുറ്റുമതിൽ നിർമിക്കുമ്പോഴാണ് വാഹനം കയറ്റിയ വഴിയും മതിൽ കെട്ടിമുട്ടിച്ചത്.
കോവിഡ് കാലത്തെ സേവനത്തിനാണ് ആരോഗ്യ വകുപ്പിന്റെ വാഹനം കൊണ്ടു വന്നത്. 2018ൽ ഫിറ്റ്നസ് കഴിഞ്ഞ വാഹനമായിരുന്നു ഇത്. അതുകൊണ്ട് കോവിഡിനു ശേഷം വാഹനം പുറത്തിറക്കിയില്ല. ഈ സാഹചര്യത്തിലാണു വാഹനം ഇവിടെ കിടന്നു പോയത്. മതിൽ നിർമിക്കുമ്പോൾ വാഹനം പുറത്തേക്കെടുക്കാനുള്ള വഴിയൊരുക്കിയില്ല.
വാഹനം പുറത്തിറക്കുന്നതെങ്ങനെ എന്ന ചോദ്യം പരിസരവാസികൾ ഉയർത്തിയപ്പോഴാണ് അബദ്ധം പറ്റിയത് അറിയുന്നത്. മതിൽ സിമന്റ് തേച്ചു പൂർത്തിയാക്കിയതിനാൽ പൊളിച്ചു മാറ്റാനും പറ്റില്ല. എന്നാൽ ഇപ്പോൾ ബന്ധപ്പെട്ടവർ പറയുന്നത് വാഹനം ഓടിച്ചു കൊണ്ടുപോകാനുള്ളതല്ല. പൊളിച്ചു കൊണ്ടു പോകേണ്ടതാണ്. അതുകൊണ്ടാണു മതിൽ കെട്ടിയത് എന്നാണ് . എന്നാൽ വാഹനം പൊളിക്കണമെങ്കിൽ വർക്ക്ഷോപ്പിൽ എത്തണം. അതിന് വാഹനം പുറത്തേക്കെടുത്തേ തീരൂവെന്നത് അവർ സൗകര്യപൂർവ്വം മറന്നു.
Comments