തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിലാണ് സംഭവം. മൂലവിളാകം സ്വദേശിയായ 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വഴിയിൽ തടഞ്ഞു നിർത്തുകയും തല ചുമരിലിടിപ്പിക്കുകയും ചെയ്തു. പരാതിക്കാരിയുടെ കണ്ണിനും കഴുത്തിനും ഇയാൾ പരിക്കേൽപ്പിച്ചു.
വഞ്ചിയൂർ മൂലവിളാകത്ത് താമസിക്കുന്ന 49 കാരിക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവമുണ്ടായത്. മരുന്ന് വാങ്ങാനായി പരാതിക്കാരി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ 13ന് രാത്രി 11 മണിക്കാണ് സംഭവുണ്ടാകുന്നത്. മൂലവിളാകം ജംഗഷ്നിൽ നിന്നും ഇവരെ അജ്ഞാതനായ ഒരാൾ പിന്തുടരുകയും വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിനിടെ തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി ദുരനുഭവം മകളോട് പറഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മകൾ സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല.
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് വളരെ വേഗം നടപടി സ്വീകരിക്കണമെന്ന് നിയമം ഉണ്ടായിട്ടും പോലീസ് നിഷ്ക്രിയമായി പെരുമാറി. പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പോലീസ് നടപടികൾ വൈകിയെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷം. പൊലീസ് സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പരാതിക്കാരിക്ക് അർധരാത്രി തന്നെ മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ പോകേണ്ടി വന്നു.
ഒരുമണിക്കൂറിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചുവിളിച്ചു എന്നാൽ ആവശ്യപ്പെട്ടത് സ്റ്റേഷനിലെത്തി മൊഴി നൽകാൻ. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പരാതിക്കാരിയുടെ അടുത്തെത്തി മൊഴിയെടുക്കണമെന്നുള്ള നിയമം നിലനിൽക്കെയാണ് പോലീസിന്റെ കെടുകാര്യസ്ഥത. പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് തുടർന്നാണ് സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നീട് നടപടി സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലീസ് ഭാഷ്യം.
Comments