തിരുവനന്തപുരം ; നിയമസഭ സന്ദർശിക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം നിറവേറ്റി പ്രശസ്ത നടി ഷീല . ‘ പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല, കാണണമെന്ന ആഗ്രഹമുണ്ട്’ എന്ന തന്റെ ആഗ്രഹം സ്പീക്കറുടെ ഓഫീസിനെ ഷീല അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാൻ ഷീല എത്തി. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും നടിയെ സ്വീകരിച്ചു.
പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദർശിച്ചു. ശേഷം അവർ സഭയിലെ വിഐപി ഗാലറിയിൽ എത്തി. സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ വിഐപി ഗാലറിയിൽ ഷീലയും ഉണ്ടായിരുന്നു.
Comments