കണ്ണൂർ : വീടിന് സമീപമുള്ള അടുക്കള തോട്ടത്തിൽ കഞ്ചാവുചെടി വളർത്തിയ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കൂത്തുപറമ്പ് കൈതേരി കപ്പണ ഭാഗത്താണ് സംഭവം.
വീടിനോട് ചേർന്നുള്ള അടുക്കള തോട്ടത്തിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. പരിശോധനയ്ക്കിടെ പ്രതി പി.വി സിജിഷ് ഓടി രക്ഷപ്പെട്ടു. ഇയാൾ മുമ്പും കഞ്ചാവു കേസിലെ പ്രതിയായിട്ടുണ്ട്.
പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജും സംഘവുമാണ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്. അടുക്കളത്തോട്ടത്തിൽ നിന്നും 84, 65, 51 സെൻറീമീറ്ററുകൾ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ കഞ്ചാവ് ചെടി മനസിലാകാതിരിക്കുന്നതിന് സമാനരൂപമുള്ള പാവലും തക്കാളിയും സമീപ പ്രദേശത്ത് പ്രതി നട്ടുവളർത്തിയിരുന്നു.
Comments