ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധനവും ശരിയാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
കേന്ദ്രസർക്കാർ നടത്തുന്ന ഇത്തരം നിരോധന നടപടികളിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാനാണ് യുഎപിഎ ട്രൈബ്യൂണലിനെ ചുമതലപ്പെടുത്തുന്നത്. സാധാരണയായി ട്രൈബ്യൂണലിന് നേതൃത്വം വഹിക്കാൻ ഹൈക്കോടതി ജഡ്ജിമാരെയാണ് നിയോഗിക്കുക. പോപ്പുലർ ഫ്രണ്ട് കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിട്ടുള്ള ജസ്റ്റിസ് ദിനേശ് കുമാർ ശർമയാണ് ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫീസറായി നിയോഗിക്കപ്പെട്ടത്.
സംഘടനയെ നിരോധിക്കുന്ന നടപടിയിലേക്ക് നയിച്ച രേഖകളും തെളിവുകളും കേന്ദ്രസർക്കാർ ട്രൈബ്യൂണലിന് മുന്നിൽ സമർപ്പിച്ചിരുന്നു. ട്രൈബ്യൂണൽ ഇത് വിശദമായി പരിശോധിച്ചു. കൂടാതെ പോപ്പുലർഫ്രണ്ടിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദങ്ങളും ട്രൈബ്യൂണൽ കേട്ടു. ഒടുവിലാണ് നിരോധനം ശരിവച്ച കേന്ദ്രസർക്കാർ തീരുമാനം ട്രൈബ്യൂണൽ ശരിവച്ചത്.
Comments