ന്യൂഡൽഹി: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഡംപിംഗ് യാർഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ നംഗ്ലോയയിലെ ഡംപ് യാർഡിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. ഡൽഹിയിലെ വനിത ഹെൽപ്പ് ലൈനിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
ഡംപിംഗ് യാർഡിന് സമീപത്ത് കൂടി യാത്ര ചെയ്യുകയായിരുന്ന ആളാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് വനിതാ ഹെൽപ്പ്ലൈനിൽ അറിയിക്കുകയായിരുന്നു. അതേസമയം, കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തണമെന്നും പ്രതികളുടെ വിശദവിവരങ്ങളും എഫ്ഐആർ രജിസ്റ്റർ ചെയ്തതിന്റെ പകർപ്പും കൈമാറണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞിനെ ഉപേക്ഷിച്ചവരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് കത്ത് അയച്ചതായി വനിത കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments